‘സജീഷേട്ടാ, നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല, നമ്മുടെ മക്കളെ നന്നായി നോക്കണേ’; നിപാ വൈറസ് ബാധിച്ച് മരണത്തോട് മല്ലിടുമ്പോള്‍ ലിനി നഴ്‌സ് ഭര്‍ത്താവിനെഴുതിയ കത്ത്

‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…’

ആശുപത്രി ഐസിയുവില്‍ മരണത്തെ മുഖാമുഖം കണ്ടപ്പോഴാണ് ലിനി ആ കത്തെഴുതിയത്. ജീവിതത്തിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവളുടെ മനസ്സില്‍ നിറഞ്ഞത് പ്രിയപ്പെട്ടവനെ ഇനിയൊരിക്കലും കാണാനാവില്ലല്ലോ എന്ന ചിന്തയായിരുന്നു, പൊന്നോമനകളെ ആ കയ്യിലേല്‍പ്പിച്ച് യാത്ര പറയാനാവില്ലല്ലോ എന്നതായിരുന്നു.

നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സ് ലിനി എഴുതിയ അവസാന കത്ത് ഇന്ന് എല്ലാവരേയും നൊമ്പരപ്പെടുത്തുകയാണ്. ആതുരസേവനത്തിനിടെ ജീവന്‍ ത്യജിച്ച ആ മാലാഖയ്ക്ക് വേണ്ടി കണ്ണീരൊഴുക്കുകയാണ് നാടൊന്നാകെ.

ജോലിക്ക് പോയ അമ്മ ഇനി തിരികെവരില്ലെന്ന് ലിനിയുടെ കുഞ്ഞുമക്കള്‍ അറിഞ്ഞിട്ടില്ല. വിദേശത്തുനിന്ന് പ്രതീക്ഷിക്കാതെ നാട്ടിലെത്തിയ അച്ഛനെ കണ്ട സന്തോഷത്തിലാണ് ഇരുവരും. അമ്മയ്ക്ക് ആശുപത്രിയില്‍ ജോലിത്തിരക്കാണെന്ന് പറഞ്ഞിരിക്കുകയാണ് മക്കളായ റിഥുലിനോടും സിദ്ധാര്‍ഥിനോടും. ഭര്‍ത്താവ് സജീഷ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയെങ്കിലും പ്രിയതമയുടെ ജീവനറ്റ ശരീരം പോലും അവസാനമായി ഒരുനോക്ക് അടുത്ത് കാണാന്‍ കഴിഞ്ഞില്ല.

നീണ്ട ആശുപത്രി വാസത്തിനും ചികിത്സയ്ക്കും ശേഷം വര്‍ഷങ്ങള്‍ക്ക് മുമ്പെ അച്ഛന്‍ മൂന്ന് പെണ്‍മക്കളെ അനാഥമാക്കി മരിച്ചതോടെയാണ് ലിനി ആതുരശുശ്രൂഷ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. നല്ല ഒരു നഴ്സ് ആവാന്‍ ജനറല്‍ നഴ്സിങ് പോരെന്ന് കണ്ട് ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്സിങും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനായെടുത്ത ബാങ്ക് ലോണ്‍ പോലും ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ ഈയടുത്താണ് ലിനിയും കുടുംബവും അടച്ച് തീര്‍ത്തത്. ഇതിന്റെ ബാധ്യതകളും ഇപ്പോഴും ബാക്കി.

കോഴിക്കോട് മിംസ് അടക്കമുള്ള സ്വകാര്യ ആശുപത്രിയില്‍ ജോലി നോക്കിയെങ്കിലും കടം വാങ്ങേണ്ട അവസ്ഥ. ലോണ്‍ തിരിച്ചടക്കാന്‍ വഴിയില്ല. ജോലിയായില്ലെന്നും എഴുതിത്തള്ളണമെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഒടുവില്‍ അധികൃതര്‍ വീട്ടിലേക്ക് നോട്ടീസയക്കാന്‍ തുടങ്ങി. മറ്റ് വഴിയില്ലാതെ എന്‍.ആര്‍.എച്ച്.എം. സ്‌കീം പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ദിവസവേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു ലിനി. ഇത് ഏകദേശം ഒരു വര്‍ഷത്തോളമാകുന്നതേയുള്ളൂ. അതിനിടെയാണ് നിപ്പ വൈറസിന്റെ രൂപത്തില്‍ ദുരന്തം തേടിയെത്തിയത്.

ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റെയും രാധയുടേയും മൂന്ന് പെണ്‍മക്കളില്‍ രണ്ടാമത്തെയാളായ ലിനി വടകര സ്വദേശിയായ സജീഷിനെ വിവാഹം ചെയ്തതോടെയാണ് അങ്ങോട്ടേക്ക് താമസം മാറിയത്. അവിടെ നിന്നും ദിവസേന പേരാമ്പ്രയെത്തി ജോലി ചെയ്യുകയായിരുന്നു. വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ അവളോടൊപ്പം എരിഞ്ഞടങ്ങിയത് ഒരു കുടുംബത്തിന്റെയാകെ സ്വപ്‌നങ്ങള്‍ കൂടിയാണ്……

Leave a Reply

Your email address will not be published. Required fields are marked *